സിംഗപ്പൂര്‍ വിമാനം കയറ്റിയില്ല; ചൈനയിലെ കുന്‍മിങ് വിമാനത്താവളത്തില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍
ബെയ്ജിങ്: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെ മലയാളി വിദ്യാര്‍ഥികള്‍. കുന്‍മിങില്‍ നിന്നും സിംഗപ്പൂര്‍ ആസ്ഥാനമായ സ്കൂട്ട് എയര്ലൈന്സിെന്റ വിമാനത്തില്‍ ടിക്കറ്റ് എടുത്ത തങ്ങളെ കയറ്റാന്‍ അധികൃതര്‍ തയാറായില്ലെന്ന് വിഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥികള്‍
അറിയിച്ചു. യുനാനിലെ ഡാലി യൂനിവേഴ്സിറ്റിയിലെ 17 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് കുന്‍മിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കുന്‍മിങില്‍ നിന്നും സിംഗപ്പൂര്‍ വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്കൂട്ട് എയര്ലൈന്സിെന്റ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ വൈറസ് ബാധയുടെ സാഹചര്യത്തില്‍ മറ്റു രാജ്യക്കാരെ കയറ്റാനാകില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
സിംഗപ്പൂര്‍ പൗരന്‍മാരെയല്ലാതെ ചൈനക്കാരെയോ, ചൈനയിലുള്ള വിദേശികളെയോ കയറ്റാന്‍ അനുമതിയില്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്. വിദ്യാര്‍ഥികളായ ഇവര്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി എയര്‍ലൈന്‍സ് മാനേജറുമായി സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
രണ്ടു ദിവസത്തേക്ക് കുന്‍മിങില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല. എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോളജില്‍ തുടരണമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഭക്ഷണ ക്ഷാമമുള്‍പ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. പഠിക്കുന്ന ആശുപത്രിയിലടക്കം നിരവധി കൊറോണ ബാധിതരുള്ളതിനാല്‍ തിരിച്ചുപേക്ക് ആശങ്കയിലാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
0 Comments