മേപ്പാടിയിലെ റിസോര്‍ട്ട് ആക്രമണം; മാപ്പ് പറഞ്ഞ് മാവോയിസ്റ്റുകള്‍

മേപ്പാടി: വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞു മാവോയിസ്റ്റുകള്‍ രംഗത്ത് . വാര്‍ത്താക്കുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ മാപ്പ് അപേക്ഷിച്ചത് . റിസോര്‍ട്ട് ആക്രമണത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്നും വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നു .

വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ ആക്രമണമായിരുന്നു അത് . റിസോര്‍ട്ടിന് സംഭവിച്ച നാശനഷ്ടത്തില്‍ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മറ്റി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത് . ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ ശക്തമായ മറുപടിയുണ്ടാകുമെന്ന് പോസ്റ്റര്‍ പതിപ്പിച്ചശേഷമായിരുന്നു ആക്രമണം.