ബാവലിപ്പുഴയിലെ മണ്ണുനീക്കം: പ്രശ്നപരിഹാരത്തിന് ധാരണ
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ബാവലിപ്പുഴയില്‍ അടിഞ്ഞുകൂടിയ കല്ലും മണലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. വനപ്രദേശത്ത് പുഴയില്‍ മണ്ണ് നീക്കം ചെയ്യുന്നത് തടഞ്ഞ വനംവകുപ്പ് നടപടി ഉദ്യോഗസ്ഥതലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിഹരിക്കും.
കൊട്ടിയൂര്‍ കണ്ടപ്പുനത്ത് വനം, റവന്യൂ, ജലസേചനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതനുസരിച്ച് ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കളക്ടര്‍ക്ക് കത്ത് നല്‍കും. കളക്ടര്‍ വനംവകുപ്പ് കണ്ണൂര്‍ ഡി.എഫ്.ഒ.യ്ക്ക് അനുമതി നല്‍കാനാവശ്യപ്പെട്ട് കത്ത് നല്കി പ്രശ്നം പരിഹരിക്കാനാണ് ധാരണയായത്.
പുഴയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കല്ലുകളും മണ്‍തിട്ടകളും നീക്കാനാണ് അനുമതി നല്‍കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാവലിപ്പുഴയിലെ കല്ലും മണലും നീക്കുന്ന പ്രവൃത്തി കൊട്ടിയൂര്‍ കണ്ടപ്പുനത്ത് വനംവകുപ്പ് തടഞ്ഞത്. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡന്റ് റോയി നമ്ബുടാകം, മേജര്‍ ഇറിഗേഷന്‍വകുപ്പ് എന്‍ജിനീയര്‍ പ്രദീപ്, കൊട്ടിയൂര്‍ റേഞ്ചര്‍ പി.വിനു, ഫോറസ്റ്റര്‍ ഷാജി, പഞ്ചായത്ത് അംഗങ്ങളായ തോമസ് ആമക്കാട്ട്, രാമന്‍ ഇടമന തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
0 Comments