ജീവനെടുത്ത് മരണപ്പാച്ചില്‍; അനങ്ങാതെ അധികൃതര്‍

കല്പറ്റ: പുതുവര്‍ഷം 34 ദിവസം പിന്നിടുമ്ബോള്‍ ജില്ലയില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്. റോഡപകടങ്ങള്‍ കുറയ്ക്കാനായി അനുദിനം ബോധവത്കരണ പരിപാടികളും പരിശോധനകളുമെല്ലാം നടക്കുന്നുണ്ടെന്ന് പറയുന്നുവെങ്കിലും അപകടങ്ങള്‍ക്ക് കാര്യമായ കുറവില്ല. ഓരോവര്‍ഷവും അപകടങ്ങളും മരണനിരക്കും കൂടിക്കൂടി വരികയാണ്. ഗുരുതരമായി പരിക്കേല്‍ക്കുന്നവരും ഏറെയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. ചെറുതും വലുതുമായ 21 അപകടങ്ങള്‍ ഈവര്‍ഷം 34 ദിവസത്തിനിടെ ഉണ്ടായി. ആറുപേര്‍ മരിച്ചു. ജനുവരിയില്‍മരിച്ച രണ്ടുപേര്‍ ഡിസംബറിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ്. താമരശ്ശേരി ചുരത്തിന് സമീപം, മീനങ്ങാടി, മാനന്തവാടി എന്നിവിടങ്ങളിലാണ് ഇതുവരെ കൂടുതല്‍ അപകടങ്ങളുണ്ടായത്. ബസ് തട്ടിയും ലോറി തട്ടിയും മരണമുണ്ടായി. സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് ഒരു സ്ത്രീയും കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച്‌ ഒരു സ്ത്രീയുമാണ് മരിച്ചത്.

കര്‍ശന നടപടിയില്ല

അതിവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പല അപകടങ്ങള്‍ക്കും കാരണം. ബസുകളുടെ മത്സരയോട്ടം, യാത്രക്കാര്‍ കയറുംമുമ്ബുള്ള മുന്നോട്ടെടുക്കല്‍ എന്നിവ അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണ്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ മീനങ്ങാടി അമ്ബത്തിനാലിലും, അമ്ബലപ്പടിയിലും ഉണ്ടായത് വലിയ അപകടങ്ങളാണ്.

ഞായറാഴ്ച ബസില്‍ കയറാന്‍ ശ്രമിക്കവേ മുന്നോട്ടെടുത്ത ബസില്‍നിന്നും തെറിച്ചുവീണാണ് അമ്ബലപ്പടി സ്വദേശി മേരി പൗലോസ് മരിച്ചത്. മേരിയുടെ ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് മേരിയുടെ ജീവന്‍ കവര്‍ന്നത്. ജനുവരി 17-ന് മീനങ്ങാടി അമ്ബത്തിനാലില്‍ ബസില്‍നിന്ന് മകള്‍വീണത് ചോദിക്കാനെത്തിയ കാര്യമ്ബാടി സ്വദേശി എം.എം. ജോസഫിന്റെ കാലിലൂടെയും ബസ് കയറിയിറങ്ങി. ജീവനക്കാര്‍ തള്ളിയിട്ടപ്പോള്‍ കാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അമ്ബലവയലില്‍ കരടിപ്പാറ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നിരുന്ന പാമ്ബ‌ളപണിയ കോളനിയിലെ അമ്മിണി കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചാണ് മരിച്ചത്. ജനുവരി 23-നായിരുന്നു അപകടം. ബസ് തട്ടിവീണ അമ്മിണിയുടെ ദേഹത്തൂടെ ബസിന്റെ മുന്‍വശത്തെ ടയറും പിന്‍വശത്തെ ടയറും കയറിയിറങ്ങി. വൈത്തിരി ലക്കിടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചാണ് കുപ്പാടിത്തറ നടമ്മല്‍ പുതിയേറ്റിക്കണ്ടി ഷൗക്കത്ത് അലി മരിച്ചത്. ജനുവരി 31-നായിരുന്നു അപകടം. കല്പറ്റയില്‍നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും കല്പറ്റ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

ടെയ്‌ലറുകള്‍ക്ക് അനധികൃതമായി ഉയരംവര്‍ധിപ്പിച്ച്‌ അനുവദിച്ചതിലധികവും ഭാരവുമായാണ് ചെറുതും വലുതുമായ ടിപ്പര്‍ലോറികള്‍ അതിവേഗം ഓടുന്നതെന്നും പരാതിയുണ്ട്. സ്കൂള്‍സമയത്ത് രാവിലെയും വൈകുന്നേരവും നിശ്ചിതസമയം ഓടുന്നതിന് ടിപ്പര്‍ലോറികള്‍ക്ക് വിലക്കുണ്ട്. ഈ നിശ്ചിതസമയം കഴിഞ്ഞാല്‍പിന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള പാച്ചിലാണ്. ഇരുചക്രവാഹനങ്ങളുടെ അതിവേഗവും ഹെല്‍മെറ്റ് ധരിക്കാത്തതും പരിശോധിക്കുന്നുണ്ടെങ്കിലും ബസുകള്‍, ടിപ്പറുകള്‍ എന്നിവയുടെ കാര്യത്തില്‍ പരിശോധന കാര്യക്ഷമമല്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം.