മീനുകള്‍ പാകമാവും, മീനങ്ങാടിയില്‍ സമ്മേളനമാവുമ്ബോഴേക്ക്
കല്പറ്റ: വരുന്ന മേയില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് (കെ.ജി.ഒ.എ.) സംസ്ഥാനസമ്മേളനത്തിനുള്ള പ്രതിനിധികള്‍ മീനങ്ങാടിയിലെത്തുമ്ബോഴേക്കും തെക്കുംതറയിലെ കെ. ശശീന്ദ്രന്റെ ഒന്നരയേക്കര്‍ വിസ്തൃതിയുള്ള കുളത്തില്‍ ഗിഫ്റ്റ് (ജെനിറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് ഫിലോപ്പി) മീനുകള്‍ പാകമാവും. സമ്മേളനപ്രതിനിധികള്‍ക്ക് ഉച്ചഭക്ഷണം വിളമ്ബാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസമാണ് ശശീന്ദ്രന്റെ കുളത്തില്‍ മത്സ്യക്കൃഷിക്ക് തുടക്കമിട്ടത്.
മൂന്നുദിവസത്തെ സമ്മേളനത്തില്‍ അറുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്കെല്ലാം കുറഞ്ഞചെലവില്‍ സ്വയം കൃഷിചെയ്ത ഉത്പന്നങ്ങള്‍കൊണ്ട് വിഭവമൊരുക്കണമെന്ന ജില്ലാഘടകത്തിന്റെ ആഗ്രഹമാണ് മത്സ്യക്കൃഷിയിലേക്ക് നയിച്ചത്. സംസ്ഥാനസമ്മേളനത്തിന് മൂന്നുമാസത്തെ സാവകാശമേയുള്ളൂ എന്നതിനാല്‍ പെട്ടെന്ന് വളരുന്ന ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവ മൂന്നുമാസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും.
അയ്യായിരം രൂപയോളമാണ് കൃഷിക്ക് ചെലവ്. കുളത്തില്‍വളരുന്ന മീനിനൊപ്പം വയനാടന്‍പാടത്ത് വിളഞ്ഞനെല്ലുകൊണ്ടുള്ള ചോറാവും സമ്മേളനത്തില്‍ വിളമ്ബുക.
ഇതിനായി കേണിച്ചിറ നെല്‍ക്കണ്ടംപ്രദേശത്ത് ഒന്നരയേക്കറില്‍ കൃഷിയിറക്കും. ഇതുകൂടാതെ വയല്‍ പാട്ടത്തിനെടുത്തും കൃഷിചെയ്യും.
കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. രാജന്‍ മത്സ്യവിത്ത് കുളത്തില്‍ നിക്ഷേപിച്ചു. ഡോ. എസ്. ദയാല്‍ അധ്യക്ഷതവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍, ഇ.കെ. ബിജുജന്‍, എ.ടി. ഷണ്‍മുഖന്‍, പി.ഡി. അനിത, കെ.കെ. ഷീല, പി.ബി. ഭാനുമോന്‍, ഒ.എസ്. ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments