കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 146 പേര്‍

കണ്ണൂര്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് 146 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പരിയാരത്ത് നിരീക്ഷണത്തിലുള്ള രണ്ടുപേരുള്‍പ്പെടെ നാലുപേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗം ജില്ലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയിലെ ഹോട്ടലുകളും ഹോം സ്റ്റേ ഉള്‍പ്പടെയുള്ള ടുറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. ജനവരി 15-നുശേഷം ചൈനയില്‍നിന്നെത്തിയ മുഴുവന്‍ പേരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെ പരിശോധിക്കുന്നതിനായി ആസ്പത്രിയിലേക്കെത്തിക്കാന്‍ ജില്ലാ ആസ്പത്രിയില്‍ പ്രത്യേക ആംബുലന്‍സ് ലഭ്യമാണ്.

വിമാനത്താവളത്തിലും പ്രത്യേക പരിശോധന ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ സജ്ജീകരണങ്ങളും തയ്യാറായി. പരിശോധനയുമായി ബന്ധപ്പെട്ട നടപടി ത്വരപ്പെടുത്തുന്നതിന് കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍റൂമുമായി (ഫോണ്‍: 04972 700194, 713437) ബന്ധപ്പെടാം.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സമീപജില്ലയില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഒരു നീക്കവും അനുവദിക്കില്ല. ജാഗ്രതയോടെ ബോധവത്കരണത്തിലും മറ്റുമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷണവിതരണ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി ബോധവത്കരണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. സ്കൂളുകളില്‍ കുട്ടികളുടെ ഭക്ഷണശാലകളിലുള്‍പ്പെടെ അധ്യാപകര്‍ ശുചിത്വം ഉറപ്പുവരുത്തണം.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷാജി, അസി. കളക്ടര്‍ ഹാരിസ് റഷീദ്, ഡെപ്യൂട്ടി കളക്ടര്‍ വി.വിശാലാക്ഷി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.