ആഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേ, തിരുവാഭരണം കൈവശം വയ്ക്കുന്നതില്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കൊട്ടാരത്തിന് തിരുവാഭരണം കൈവശം വയ്ക്കാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ആഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേ, സമര്‍പ്പിച്ച്‌ കഴിഞ്ഞ് ആഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു.

തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളെയും കോടതി വിമര്‍ശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവര്‍മ ക്ഷേത്ര ഭരണ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തിരുവാഭരണത്തിന്റെ അവകാശം ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. തിരുവാഭരണ ഘോഷയാത്രയായി ആഭരണങ്ങള്‍ കൊണ്ടു പോകുന്ന ചടങ്ങ് പന്തളം കൊട്ടാരം നടത്താറുണ്ട്.