സി.ഐ.യുടെ വീടിനും യൂസ്ഡ് കാര്‍ ഷോറൂമിനുംനേരേ അക്രമം
പയ്യന്നൂര്‍: പയ്യന്നൂരില്‍ സി.ഐ.യുടെ വീടിനും യൂസ്ഡ് കാര്‍ ഷോറൂമിനും നേരേ അക്രമം. ചന്തേര സി.ഐ. മൂരിക്കൊവ്വല്‍ ഉഷറോഡിലെ കെ.പി.സുരേഷ് ബാബുവിന്റെ വീടിനും പുതിയന്‍കാവിലെ കെ.കെ.ഗണേശന്റെ ഉടമസ്ഥതയിലുള്ള വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ കാര്‍ ഫോര്‍ യു എന്ന യൂസ്ഡ് കാര്‍ ഷോപ്പിനും നേരേയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രിയിലായിരുന്നു ഇരു സംഭവവും നടന്നത്.
രാത്രി 12.53-നാണ് സി.ഐ.യുടെ വീടിനുനേരേയുള്ള അക്രമം. വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഒരാള്‍ ഗേറ്റിനുപുറത്തുനിന്നും മറ്റൊരാള്‍ ഗേറ്റ് തുറന്ന് അകത്ത് കയറിയും ഇഷ്ടികക്കഷ്ണങ്ങളുപയോഗിച്ച് വീടിനുനേരേ എറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ മുകള്‍നിലയിലെ മുറിയുടെ ജനല്‍ തകര്‍ന്നു. സംഭവസമയത്ത് സി.ഐ. കാറമേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട സ്ഥലത്തായിരുന്നു. വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നത്.
സി.ഐ.യുടെ വീടിനുനേരേ അക്രമംനടന്ന വിവരമറിഞ്ഞ് അവിടെയും മുച്ചിലോട്ട് ക്ഷേത്രത്തിലും പോയശേഷം തിരിച്ചെത്തുമ്ബോഴാണ് യൂസ്ഡ് കാര്‍ ഷോപ്പില്‍ അക്രമംനടന്ന വിവരം ഗണേശന്‍ അറിയുന്നത്. വില്‍പ്പനയ്ക്കായി വെച്ചിരുന്നതും പാര്‍ക്കുചെയ്തിരുന്നതുമായ കാറുകളും ജീപ്പുകളുമുള്‍പ്പെടെയുള്ള 13 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. കല്ലും മരക്കഷ്ണങ്ങളുമുപയോഗിച്ചാണ് വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ത്തതെന്ന് ഷോപ്പിലെ നിരീക്ഷണ ക്യാമറകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.
പെരുങ്കളിയാട്ടത്തിന്റെ സമാപനദിവസം തര്‍ക്കങ്ങളുണ്ടായിരുന്നു. സംഘാടകസമിതിയില്‍ ചുമതലയുണ്ടായിരുന്ന സി.ഐ. സുരേഷ്ബാബുവും ഗണേശനും ഇതിലിടപ്പെട്ടിരുന്നു. സി.ഐ.യുടെ വീട്ടിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളില്‍ കണ്ട രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളെപ്പറ്റിയുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
0 Comments