കേരളത്തിലെ തീരദേശ കൈയേറ്റങ്ങള്‍: സുപ്രീംകോടതി മറുപടിതേടി

ന്യൂഡല്‍ഹി: കേരളത്തില്‍ തീരദേശനിയമം ലംഘിച്ച്‌ നടത്തിയ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടു. ഗൗരവമുള്ള വിഷയമാണിതെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് മാര്‍ച്ച്‌ 23-നു വീണ്ടും പരിഗണിക്കും.

തീരദേശനിയമം ലംഘിച്ച്‌ നിര്‍മിച്ച മരട് ഫ്ലാറ്റുകള്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊളിച്ചുനീക്കിയത്. മരടിലെ ഫ്ലാറ്റുകളിലൊന്ന് മേജര്‍ രവിയുടേതായിരുന്നു. മുമ്ബ്‌ രണ്ടുതവണ മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിക്കു മുന്‍പാകെയെത്തിയെങ്കിലും പ്രത്യേക ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ചുള്ള അനധികൃത നിര്‍മാണങ്ങളുടെ പട്ടിക നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കഴിഞ്ഞവര്‍ഷം മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍, മാസങ്ങള്‍കഴിഞ്ഞും അവ പൊളിക്കാതിരിക്കുകയും ആരും കോടതിയലക്ഷ്യ ഹര്‍ജി നല്‍കാതിരിക്കുകയും ചെയ്തതോടെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം, പൊളിച്ച ഫ്ലാറ്റുകള്‍ നില്‍ക്കുന്ന സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളും ഇപ്പോള്‍ കോടതിക്കു മുന്നിലുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. എന്നാല്‍, നഷ്ടപരിഹാര വിഷയം ജില്ലാ ജഡ്‌ജി കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവയിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ മറുപടിതേടി.