കാട്ടുതീ പ്രതിരോധം അഗ്നി പരീക്ഷയാകും

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തെ കാട്ടുതീയില്‍നിന്ന്‌ പ്രതിരോധിക്കാന്‍ വേണ്ടത്ര ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍. ഫണ്ട് കുറഞ്ഞതിന്റെ പേരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാതിയിലേറെ വെട്ടിച്ചുരുക്കി ഉദ്യോഗസ്ഥരും. 72 ലക്ഷം രൂപയാണ് ഇത്തവണ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് വന്യജീവി സങ്കേതത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമിത് 82.5 ലക്ഷം രൂപയായിരുന്നു. 2019-ലെ അപേക്ഷിച്ച്‌ 10.5 ലക്ഷം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. ഫയര്‍ലൈന്‍ നിര്‍മാണവും താത്‌കാലിക വാച്ചര്‍മാരുടെ നിയമനവുമെല്ലാം മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയതും ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു.

ഇത്തവണ സംസ്ഥാനാതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ മാത്രമാണ് ഫയര്‍ലൈന്‍ നിര്‍മിച്ചിട്ടുള്ളത്. വനത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ അതിര്‍ത്തിയിലും ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള മേഖലകളിലൊന്നും ഫയര്‍ലൈന്‍ നിര്‍മിച്ചിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന നാല് റെയ്ഞ്ചുകളിലായി 72 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇത്തവണ ഫയര്‍ ലൈന്‍ നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം 199.5 കിലോമീറ്റര്‍ ദൂരം ഫയര്‍ലൈന്‍ നിര്‍മിച്ച സ്ഥാനത്താണിത്.

കുറിച്യാട് 19 കിലോമീറ്ററും മുത്തങ്ങയില്‍ 23 കിലോമീറ്ററും തോല്‍പ്പെട്ടിയില്‍ 20 കിലോമീറ്ററും ബത്തേരിയില്‍ 10 കിലോമീറ്ററും ഫയര്‍ലൈനാണ് നിര്‍മിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 150 ഫയര്‍ വാച്ചര്‍മാരെ നിയമിച്ച സ്ഥാനത്ത് ഇത്തവണ 70 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കടുവകളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ് വയനാട് വന്യജീവിസങ്കേതം. വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി അപൂര്‍വ സസ്യ-വൃക്ഷങ്ങളുടെയും ജന്തുക്കളുടെയും കേന്ദ്രമാണിവിടം. 2019 ഫെബ്രുവരിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ 17 ഇടങ്ങളിലായുണ്ടായ കാട്ടുതീയില്‍ 51.1 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്.

വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളോടെ കാട് കരിഞ്ഞുണങ്ങും. ശക്തമായ മുന്‍കരുതലും പ്രതിരോധ സംവിധാനങ്ങളുമൊരുക്കിയില്ലെങ്കില്‍ കാടുകള്‍ കത്തിയെരിയും. മുമ്ബ് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന ബന്ദിപ്പുര്‍ വന്യജീവിസങ്കേതം കാട്ടുതീയില്‍ കത്തിച്ചാമ്ബാലായിട്ടും ഇവിടത്തെ വനാന്തരങ്ങളിലേക്ക് തീപടരാതെ സഹായിച്ചത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇത്തവണ സമാനമായ അവസ്ഥയുണ്ടായാല്‍ എല്ലാം കൈവിട്ടുപോകുമെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. ഫയര്‍ലൈനും വാച്ചര്‍മാരുടെ എണ്ണവും മേലുദ്യോഗസ്ഥര്‍ വെട്ടിച്ചുരുക്കിയതിനാല്‍ വലിയ വെല്ലുവിളിയാണ് താഴെക്കിടയിലുള്ള ജീവനക്കാര്‍ നേരിടുന്നത്.