കണ്ണൂര്‍: പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുള്ള ഭരണഘടനാ സംരക്ഷണറാലി കണ്ണൂര്‍ നഗരത്തില്‍ വന്‍ പ്രതിഷേധ ജ്വാലയായി മാറി. ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ ആസ്പത്രി പരിസരത്ത് ഒത്തുചേര്‍ന്ന് കളക്ടറേറ്റ് മൈതാനത്തേക്ക് ജാഥയായി നീങ്ങി.
കൂട്ടമായി കൈകൊട്ടിയും ആസാദി ഗാനം പാടിയുമാണ് പലരും ജാഥയുടെ ഭാഗമായത്.
പ്രകടനത്തിന് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. സ്വാമി അഗ്നിവേശ് മുഖ്യാതിഥിയായി. കെ.പി.ഉമ്മര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി.
വി.കെ.അബ്ദുല്‍ഖാദര്‍ മൗലവി, കെ.ആലിക്കുട്ടി മുസലിയാര്‍, പട്ടുവം കെ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍, ടി.പി.അബ്ദുള്ള കോയ മദനി, അബ്ദുറഹ്‌മാന്‍ കല്ലായി, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍കരിം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. 15 മുതല്‍ സ്റ്റേഡിയം കോര്‍ണറില്‍ അനിശ്ചിതകാല ഷഹീന്‍ ബാഗ് സ്ക്വയര്‍ ആരംഭിക്കും. നാല്‍പതിലേറെ സംഘടനകളും ഗ്രൂപ്പുകളുമാണ് സ്ക്വയറിലെത്തുക. മാര്‍ച്ച് 17 വരെ സ്ക്വയറില്‍ ദിവസം ഓരോ സംഘടന അണിനിരക്കും.
0 Comments