പത്ത് കിലോമീറ്റര്‍ നീന്തി സ്വാലിഹയുടെ പോരാട്ടം

പഴയങ്ങാടി: കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തില്‍ വ്യത്യസ്ത പാതയിലാണ് 12-കാരിയായ സ്വാലിഹ. പൊതു ഇടങ്ങളില്‍ മാലിന്യംതള്ളുന്നതിനെതിരേ പയ്യന്നൂര്‍ പുഞ്ചക്കാട് പുന്നക്കടവ് പാലം മുതല്‍ മുട്ടം പാലക്കോട് പാലം വരെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുഴയിലൂടെ ഞായറാഴ്ച അതിസാഹസികമായി ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്. പുഴകളിലും കായലുകളിലും തോടുകളിലും പ്രകൃതിയിലെ മറ്റിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന മുദ്രാവാക്യവുമായാണ് സ്വാലിഹ തന്റെ ദൗത്യം നിറവേറ്റിയത്. വാദിഹൂദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സ്വാലിഹ ഒന്നാംക്ലാസില്‍ പഠിക്കുമ്ബോള്‍തന്നെ പൊതുഇടങ്ങളിലും വിദ്യാലയത്തിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ച്‌ പ്രകൃതിസ്നേഹം പ്രകടിപ്പിച്ചിരുന്നു. അഞ്ചാംവയസ്സില്‍ നീന്തലും റോളര്‍ സ്കേറ്റിങ്ങും പരിശീലിച്ചതോടെ തന്റെ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘദൂര കയാക്കിങ്ങിലൂടെയും ദീര്‍ഘദൂര റോളര്‍സ്കേറ്റിങ്ങിലൂടെയും പുറംലോകത്തെ അറിയിക്കാന്‍ തുനിഞ്ഞു. സി.ബി.എസ്.ഇ. അഞ്ചാംതരത്തിലെ പരിസ്ഥിതിപഠനം പാഠ്യപദ്ധതിയില്‍ ഒരു പാഠഭാഗം തന്നെ ഈ കൊച്ചുമിടുക്കിയെക്കുറിച്ചുണ്ട്. പുതിയങ്ങാടിയിലെ ഏണ്ടിയില്‍ റഫീഖിന്റെയും കെ.വി.ജാസ്മിന്റയും മക്കളില്‍ മൂത്തവളാണ് ഈ സാഹസികപ്രിയ.

നാലുവര്‍ഷമായി കണ്ണൂര്‍ സര്‍വകലാശാലാ കായികവിഭാഗത്തില്‍ നീന്തല്‍ പരിശീലനം നല്‍കുന്ന മുഖ്യ പരിശീലകന്‍ അനില്‍ ഫ്രാന്‍സിനോട് ദീര്‍ഘദൂര നീന്തലിനെക്കുറിച്ച്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 'നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള നീന്തലല്ലേ' എന്ന് പറഞ്ഞ് എല്ലാ സംരക്ഷണച്ചുമതലയും ഏര്‍പ്പാടാക്കി.

ശാരീരിക പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് തോല്‍പിച്ച കയാക്കിങ് താരവും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ പിതാവ് ഏണ്ടിയില്‍ റഫീഖാണ് പ്രചോദനം. ഞായറാഴ്ച നടത്തിയ സാഹസിക നീന്തലില്‍ കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളായ ഫെബിന്‍, നിയാസ്, രാഹുല്‍, ബിബിന്‍, ടിബിന്‍, സഹലു, അമല്‍, സ്നേഹ എന്നിവരും സ്വാലിഹയെ പിന്തുടര്‍ന്നു.

യൂണി സൈക്കിള്‍ റൈഡ്, റിപ്പ്സ്റ്റിക്ക് ബോര്‍ഡ് റൈഡ്, റോളര്‍ സ്കേറ്റിങ്ങ്, നീന്തല്‍, കയാക്കിങ്ങ് എന്നിവ ഹോബിയാക്കിയ സ്വാലിഹകക്ക് നീന്തലിലും സ്‌കേറ്റിങ്ങിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നഗരസഭാ കൗണ്‍സിലര്‍ പ്രദീപന്‍ ഉദ്ഘാടനംചെയ്തു. രാവിലെ എട്ടര മണിക്ക് തുടങ്ങിയ നീന്തല്‍ 10 കിലോമീറ്റര്‍ പിന്നിട്ട് മുട്ടത്ത് 12.30-ഓടെയാണ് എത്തിയത്. വെള്ളച്ചാലില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ വക സ്വീകരണവും മുട്ടത്തെത്തിയപ്പോള്‍ മുട്ടം വൈ.എം.സി.എ.യുടെ നേതൃത്തില്‍ വലിയ സ്വീകരണമാണ് ഏര്‍പ്പാടുചെയ്തത്.