മകള്‍ പെണ്‍വാണിഭസംഘത്തില്‍ ചേരാത്തതിനാല്‍ ആറംഗസംഘം അമ്മയെ ആക്രമിച്ചു; സ്വര്‍ണം തട്ടിയെടുത്തു
നെടുമങ്ങാട്: ഹോംനഴ്‌സ് ജോലിയിലേര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭസംഘത്തിലെത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആറംഗസംഘം പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു. വീട്ടമ്മ വിവരമറിയിച്ചതനുസരിച്ച് വലിയമല സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് കാറുകളിലായി വന്ന ആറംഗ സംഘം കടന്നു.
ഇവരെ പിന്തുടരുന്നതിനിടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്‍കാവിനു സമീപംവച്ച് അപകടത്തില്‍പ്പെട്ടു. ഈ കാറില്‍നിന്ന് രണ്ട് പ്രതികളെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. നരുവാമൂട് പനവിളാകം കെ.ഡി.ഹൗസില്‍ എ.നിഖില്‍(30), ശാസ്തവട്ടം കുന്നുവിള വീട്ടില്‍ നിഷകുമാരി(33), കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇ.ആര്‍.എ. 42-ല്‍ ശാന്തി(37), നരുവാമൂട് ഒലിപ്പുനട ഗീതാഭവനില്‍ വി.വിഷ്ണു(27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ സൂത്രധാരനും മുഖ്യപ്രതിയുമായ നവീന്‍, സഹായി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി വലിയമല സി.ഐ. രഞ്ജിത്ത്കുമാര്‍ പറഞ്ഞു.
ആറംഗ സംഘം രണ്ടു വണ്ടികളിലായിട്ടാണ് പനയ്ക്കോട് ചന്തയ്ക്കു സമീപത്തെത്തി വീട്ടമ്മയെ ആക്രമിച്ചത്. രാത്രി 11 മണിയോടെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് സംഘം അകത്തുകടന്ന് വീട്ടമ്മയെ മര്‍ദിച്ചത്. ഈ സമയം മകള്‍ വീട്ടിലെ ആളൊഴിഞ്ഞ കോണില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ സംഘം അമ്മയുടെ കൈയില്‍ കിടന്ന ചെയിന്‍ പൊട്ടിച്ചെടുത്തു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
നവീന്‍ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനല്‍ കേസുകളിലും ശാന്തി, നിഖില്‍, ആദര്‍ശ് എന്നിവര്‍ ഒരു ഡസനിലധികം കേസുകളിലും പ്രതികളാണെന്ന് പോലീസ് പറയുന്നു. എസ്.ഐ. ബാബു, എ.എസ്.ഐ. ഷഫീര്‍ ലബ്ബ, സി.പി.ഒ.മാരായ അനൂപ്, ഷിജുലാല്‍, അഭിജിത്ത്, രാംകുമാര്‍, അഖില്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments