കക്കൂസ് മാലിന്യം ഓവുചാലിലേക്ക്; നാട്ടുകാര്‍ ടൗണ്‍ നവീകരണപ്രവൃത്തി തടഞ്ഞു

കല്പറ്റ: കക്കൂസ് മാലിന്യം റോഡരികിലെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ടൗണ്‍ നവീകരണ പ്രവൃത്തി തടഞ്ഞു. കല്പറ്റ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തില്‍നിന്ന്‌ മാലിന്യം പൈപ്പിലൂടെ ഓവുചാലിലേക്ക് ഒഴുക്കുന്നതായി ആരോപിച്ചാണ് ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാലിനോട് ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കിയപ്പോഴാണ് കക്കൂസ് മാലിന്യവും മലിനജലവും ഓവുചാലിലേക്കാണ് ഒഴുക്കിയിരുന്നതെന്ന് മനസ്സിലായത്.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച കെട്ടിടത്തിന്റെ അടിയിലൂടെ ഓവുചാലിലേക്ക് പൈപ്പ് ഇട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി ജീവന്‍ രക്ഷാസേനയിലെ അംഗങ്ങളാണ് കെട്ടിടത്തിന് മുമ്ബില്‍ നടന്നുകൊണ്ടിരുന്ന പ്രവൃത്തി തടഞ്ഞത്. മണ്ണുമാറ്റിയപ്പോള്‍ കുഴിയില്‍ നിറഞ്ഞ വെള്ളം മോട്ടോര്‍ പമ്ബ് ഉപയോഗിച്ച്‌ റോഡിലേക്ക് ഒഴുക്കിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.

ഓവുചാലിലൂടെ വെള്ളം ചെന്നെത്തുന്നത് കല്പറ്റ ഇരുമ്ബ് പാലത്തിന് സമീപത്തെ തുര്‍ക്കി പുഴയിലേക്കാണ്. ഇവിടെ ദിവസവും നൂറോളം കുട്ടികളാണ് തുര്‍ക്കി ജീവന്‍രക്ഷാ സേനയുടെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലിക്കുന്നത്. ഇവര്‍ക്കുപുറമേ ഒട്ടേറെ ആളുകള്‍ പുഴയില്‍ ഇറങ്ങാറുണ്ട്.

കാരാപ്പുഴ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തു‌ടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുഴയില്‍നിന്ന്‌ കല്പറ്റയിലെ വിവിധയിടങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നു. പകര്‍ച്ചവ്യാധികള്‍ പെരുകുന്നസമയത്ത് ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന ഇത്തരക്കാര്‍ക്കുനേരെ നടപടി സ്വീകരിക്കണമെന്ന് ജീവന്‍രക്ഷാ സേനാംഗങ്ങള്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. രാവിലെ 10.30-ഓടെ നഗരസഭാ അധികൃതരെ വിവരമറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രവൃത്തി താത്കാലികമായി നിര്‍ത്തിവെച്ചു. മൂന്നുനില കെട്ടിടത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പെ‌ടെയുള്ള സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ നിന്നും വരുന്ന കക്കൂസ് മാലിന്യം നാളുകളായി ഓവുചാലിലൂടെ പുഴയിലേക്കാണ് ഒഴുകിയിരുന്നത്. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യവും ഇതേരീതിയില്‍ പുറംതള്ളുന്നതായും ആരോപണമുണ്ട‌്. ഇവിടങ്ങളില്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.