മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

സുല്‍ത്താന്‍ബത്തേരി: പൊതുയിടങ്ങളിലും പാതയോരത്തും തുപ്പുകയും, മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ വിവിധയിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ തുടങ്ങി. പൊതുസ്ഥലത്ത് തുപ്പുന്നവരില്‍നിന്നും മലമൂത്രവിസര്‍ജനം നടത്തുന്നവരില്‍നിന്നും പിഴ ഈടാക്കാന്‍ ജനുവരിയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍യോഗം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

കൂടാതെ സ്കൂളുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പട്ടണത്തിലെ ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് വ്യാപകപ്രചാരണവും, ശുചീകരണറാലികളും സംഘടിപ്പിക്കും. 15 മുതല്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരേയും, മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരേയും നഗരസഭയും പോലീസും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ ടി.എല്‍. സാബു അറിയിച്ചു.