യുവാവിനെ കൊന്ന് ചതുപ്പിലിട്ടു; അയല്‍വാസി പിടിയില്‍

തൊടുപുഴ: പതിനെട്ട് ദിവസം മുമ്ബ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തി. ഇദ്ദേഹത്തെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹം ചതുപ്പിലിട്ട അയല്‍വാസി പിടിയിലായി.

പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് അറക്കപ്പടിക്കല്‍ ശശിധരന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തും അയല്‍വാസിയുമായ അനില്‍ നിവാസില്‍ അനിലിനെ (36)യാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അനിലിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍നിന്നു ഒരുകിലോമീറ്റര്‍ അകലെ ആയിരമടിയോളം താഴ്ചയുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അനിലിന്റെ ഭാര്യയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഭാര്യയുമായി അകന്നുകഴിയുന്ന ശശിധരന്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജനുവരി 15-ന് രാത്രി മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. കൂലിപ്പണിക്കായി പലപ്പോഴും വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും ആദ്യം ഇത് കാര്യമാക്കിയില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശശിധരന്‍ വീട്ടിലെത്തിയില്ല. മക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ അനുജന്‍ ബിജു കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്.

ജനുവരി 15-ന് രാത്രി 6.45-നാണ് കൊലപാതകം നടന്നത്. തര്‍ക്കത്തിനിടെ അനില്‍, തടിക്കഷണമുപയോഗിച്ച്‌ ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ മൃതദേഹം ചതുപ്പ് ഭാഗത്തേക്ക്‌ ചുമന്നും വലിച്ചും കൊണ്ടുപോയി.

തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ്, കാഞ്ഞാര്‍ സി.ഐ. കെ.അനില്‍ കുമാര്‍, എസ്.ഐ.മാരായ കെ.സിനോദ്, സജി പി.ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മൂലമറ്റത്ത് ടാക്സി ഡ്രൈവറാണ് പ്രതി.