വിദേശത്തെ ജോലിക്കോ ബിസിനസിനോ പ്രവാസികള്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ട: ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിസിനസില്‍നിന്നോ ജോലിയില്‍നിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികള്‍ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല.

പ്രവാസിയായി കണക്കാക്കാന്‍ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിര്‍ദേശം മാധ്യമങ്ങളില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കിയ പശ്ചാത്തലത്തില്‍ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച്‌ വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാര്‍ഥ തൊഴിലാളികളെ നികുതിപരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിര്‍ദേശം.
ഗള്‍ഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാര്‍ഥ തൊഴിലാളികള്‍ അവിടെ സമ്ബാദിക്കുന്നതിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരുമെന്നതരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു.

'നിര്‍ദിഷ്ട നിര്‍വചനമനുസരിച്ച്‌, ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്‍, ഇന്ത്യന്‍ ബിസിനസിലൂടെയോ ജോലിയിലൂടെയോ അല്ലാതെ ഇന്ത്യക്കു പുറത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല' എന്നാണ്‌ വിശദീകരണം. ഇക്കാര്യം നിര്‍ദിഷ്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

നിലവില്‍ എന്‍.ആര്‍.ഐ. ആയി കണക്കാക്കുന്നതിന് 182 ദിവസം വിദേശത്തു താമസിച്ചാല്‍ മതി. 182 ദിവസത്തെ താമസം നാട്ടിലാണെങ്കില്‍ സ്ഥിരവാസിയായി കണക്കാക്കും. എന്നാല്‍, ബജറ്റുനിര്‍ദേശമനുസരിച്ച്‌ 240 ദിവസം വിദേശത്തു താമസിച്ചാലേ എന്‍.ആര്‍.ഐ. ആനുകൂല്യം ലഭിക്കൂ. പലമേഖലകളിലും ജോലിചെയ്യുന്ന പ്രവാസികളെ ഈ നിര്‍ദേശം ബാധിക്കും. ബജറ്റുനിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.