സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതിന് ക്യു. ആര് കോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിന് ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഈ വര്‍ഷം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് . രേഖകള്‍ സുരക്ഷിതമാക്കി ഉപയോഗിക്കാനും പഴയരേഖകള്‍ ഡിജിറ്റൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലീസ് സ്റ്റേഷന് മെട്രിക്സ് ഉപയോഗിക്കും. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം, ഇന്റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം, തുണ എന്നീ സോഫ്റ്റ് വെയറുകള്‍ ഫലപ്രദമായി ഉപയോഗിക്കും. പോലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ട് അന്വേഷണം, പരാതി അന്വേഷണം, പരാതികള്‍ക്ക് രസീത് നല്കല്, എഫ്ഐആറിന്റെ പകര്‍പ്പും പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്കല്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സമന്‍സും വാറന്‍ഡും നടപ്പാക്കല്‍, ആയുധ ലൈസന്‍സിനുള്ള എന്‍ഒസി നല്കല്, നിശ്ചിത സമയത്തിനകം പെറ്റി കേസുകളും പരാതികളും തീര്‍പ്പാക്കല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കല്‍ എന്നിവയിലൊക്കെ നിയമം ബാധകമാക്കും.
പോലീസ് സ്റ്റേഷനുകളിലെല്ലാം കാമറ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. സ്റ്റേഷന് ഹൗസ് ഓഫീസറുടെ മുറി, തൊണ്ടി മുറി, ലോക്കപ്പുകള്‍ എന്നിവ ഒഴികെ ഉള്ള സ്ഥലങ്ങള്‍ ഹാളുകളാക്കി നിലനിറുത്തി കൂടുതല്‍ കന്പ്യൂട്ടര് വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
0 Comments