കൊറോണ വൈറസ്: ജില്ലയില്‍ 10 പേര്‍ കൂടി നിരീക്ഷണത്തില്‍

മാനന്തവാടി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പത്തുപേര്‍കൂടി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. തായ്‍ലാന്‍ഡ് സന്ദര്‍ശിച്ച ഒമ്ബതുപേരും ചൈന സന്ദര്‍ശിച്ച ഒരാളുമാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 38 ആയി. 25 പേര്‍ ചൈന സന്ദര്‍ശിച്ചവരും 11 പേര്‍ തായ്‍ലാന്‍ഡ് സന്ദര്‍ശിച്ചവരും രണ്ടുപേര്‍ നേപ്പാള്‍ സന്ദര്‍ശിച്ചവരുമാണ്. ചൈനയില്‍ കെറോണ വൈറസ് പടര്‍ന്നുപിടിച്ച വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരും നിരീക്ഷണത്തിലുണ്ട്.

ചൈനയ്ക്ക് പുറമേ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏത് രാജ്യത്ത് നിന്നെത്തുന്നവരും ജാഗ്രത പുലര്‍ത്തുകയും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും വേണം. ജില്ലയില്‍ മാനന്തവാടി ജില്ലാ ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി, മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഐസൊലേഷന്‍ വാര്‍ഡ് നേരത്തെ സജ്ജമാക്കിയിരുന്നു. എന്നാല്‍ നിരീക്ഷണത്തിലുള്ള ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആര്‍ക്കും രോഗലക്ഷണങ്ങളുമില്ല. എല്ലാവരും വീടുകളില്‍ തന്നെയാണ് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 28 ദിവസമാണ് ഇവരെ നിരീക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരെ പൊതുപരിപാടികളില്‍നിന്നും അടുത്ത ബന്ധുക്കളുമായി ഇടപഴകുന്നതില്‍നിന്നും വിലക്കിയിട്ടുണ്ട്.