മേപ്പാടി - ചൂരല്‍മല മലയോര പാത; നിര്‍മാണ കാലാവധി മേയില്‍ തീരും
മേപ്പാടി: ഒരു വര്‍ഷം മുമ്ബാരംഭിച്ച മേപ്പാടി - ചൂരല്‍മല റോഡിന്റെ നിര്‍മാണ കാലാവധി മേയില്‍ അവസാനിക്കും. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ അടുത്ത ഡിസംബറില്‍പ്പോലും റോഡ് നവീകരണം പൂര്‍ത്തിയാകില്ല.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മലയോര പാത കടന്നുപോകുന്നത് മേപ്പാടി വഴിയാണ്. കിഫ്ബിയില്‍നിന്ന് 41 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. ചൂരല്‍മല ടൗണിന് സമീപം പാര്‍ശ്വഭിത്തി പണിതിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയിരുന്നു. പ്രളയത്തില്‍ പുത്തുമല, പച്ചക്കാട് എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതും, തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ കനത്ത മഴ നീണ്ടുനിന്നതും റോഡുനിര്‍മാണം വൈകാന്‍ കാരണമായി.
രണ്ട് മാസം മുമ്ബുതന്നെ കലുങ്കുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും വളരെ സാവധാനമാണ് പ്രവൃത്തി. കലുങ്കുകള്‍ക്ക് വേണ്ടി റോഡിന്റെ പല ഭാഗത്തും കിടങ്ങെടുത്തതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്കരമായിട്ടുണ്ട്. പൊടിശല്യവും രൂക്ഷമാണ്. ചൂരല്‍മലയില്‍നിന്ന് മേപ്പാടി ഭാഗത്തേക്ക് എച്ച്.എം.എല്‍. കമ്ബനിയില്‍പ്പെടാത്ത പാതയോരങ്ങളിലെ മണ്ണിടിച്ച് വീതികൂട്ടിവരുന്നുണ്ടെങ്കിലും തേയിലക്കാടുകള്‍ അതിര്‍ത്തി തിരിക്കുന്ന പാതയോരങ്ങള്‍ ഇപ്പോഴും പഴയ നിലയിലാണ്.
12 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. ഏലവയലില്‍നിന്ന് കശ്മീര്‍ വരേയും, ഒന്നാം മൈലില്‍ നിന്ന് മേപ്പാടി വരേയും തേയിലത്തോട്ടത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിന് പുറമെ താഞ്ഞിലോടും നെല്ലിമുണ്ടയിലും തേയിലത്തോട്ടങ്ങളിലൂടെ റോഡ് കടന്നുപോകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ സര്‍വേ പ്രകാരം റോഡിന് ചിലയിടങ്ങളില്‍ 12 മീറ്റര്‍ വീതിയുണ്ടെങ്കിലും പലയിടത്തും 12 മീറ്റര്‍ വീതി കിട്ടണമെങ്കില്‍ കമ്ബനികള്‍ കനിയണം.
തേയിലത്തോട്ടത്തോട് ചേര്‍ന്ന മണ്ണ് നീക്കം ചെയ്ത് റോഡ് വീതികൂട്ടാന്‍ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന ശ്രമങ്ങളൊന്നുംതന്നെ ഫലം കണ്ടിട്ടില്ല. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുവാദം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ മിക്ക ഭാഗങ്ങളിലും സംരക്ഷണ ഭിത്തി കെട്ടുകയും കലുങ്കുകള്‍ ഉയര്‍ത്തിപ്പണിത സ്ഥലങ്ങളില്‍ റോഡ് മണ്ണിട്ട് ഉയര്‍ത്തുകയും വേണം. മുഴുവന്‍ കലുങ്കുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ പ്രളയത്തിന് ശേഷം ഈ പാത പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇരുവശവും ഇടിഞ്ഞമര്‍ന്ന റോഡിലൂടെ വളരെ സാഹസികമായാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ഒച്ചിഴയുന്ന വേഗത്തില്‍ പ്രവൃത്തി തുടര്‍ന്നാല്‍ കല്പറ്റ - വാരാമ്ബറ്റ റോഡിന്റെ ഗതികേട് മേപ്പാടി - ചൂരല്‍മല പാതയ്ക്കും സംഭവിക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക
0 Comments