കൈത്തറി മേഖലയില്‍ കാലാനുസൃതമായ മാറ്റം അനിവാര്യം: മന്ത്രി ഇ പി ജയരാജന്‍


കൈത്തറി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും മാറിവരുന്ന ഫാഷനുകളും ആഡംബര സാധ്യതകളും ഉപയോഗപ്പെടുത്തി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍  നടന്ന കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയത്തിന്റെ സമര്‍ത്ഥ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാന്‍ഡ് മെയ്ഡ് എന്ന ബ്രാന്‍ഡില്‍ മാത്രം കൈത്തറിക്ക് പിടിച്ചുനില്‍ക്കാനാവില്ല. കൈത്തറി മേഖലയില്‍ ഫാഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കൈത്തറിയുടെ പ്രാധാന്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ഉല്‍പാദന മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് പ്രകൃതിദത്ത നിറങ്ങള്‍ നല്‍കി കൈത്തറിയെ  ഒരു ലോകോത്തര ബ്രാന്‍ഡായി മാറ്റി എടുക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വസ്ത്രനിര്‍മാണ മേഖലയില്‍ മാറിവരുന്ന ഫാഷന്‍ സങ്കല്പങ്ങളും ആവശ്യകതയും  മനസ്സിലാക്കണം. നിറം, ഫാഷന്‍, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് വസ്ത്രം രൂപകല്‍പ്പന ചെയ്യണം. എല്ലാ കാലാവസ്ഥയിലും മനുഷ്യ ശരീരത്തിലെ ഊഷ്മാവിനെ സംരക്ഷിക്കുന്ന രീതിയിലുള്ള ഒരു വസ്ത്രനിര്‍മ്മാണമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 കേരളത്തിലെ കൈത്തറി മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തകര്‍ന്ന കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ സര്‍ക്കാരിനുള്ളത്. അതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം നല്‍കിത്തുടങ്ങിയത്. ആറായിരത്തിലധികം തൊഴിലാളികള്‍ അതിന്റെ ഗുണഭോക്താക്കളാണെന്നും രണ്ടായിരത്തോളം തൊഴിലാളികള്‍ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.
 കണ്ണൂരില്‍ ഒരു കൈത്തറി ഗ്രാമം  യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവും സര്‍ക്കാറിനുണ്ട്. 250ഓളം കൈത്തറി തൊഴിലാളികള്‍ക്ക് ജോലി നല്‍കി അവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ താമസ സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം,  കണ്‍സ്യൂമര്‍ സ്റ്റോര്‍, മെഡിക്കല്‍ സംവിധാനം തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍  ഉള്‍പ്പെടെയുള്ള ഒരു കൈത്തറി ഗ്രാമം പദ്ധതി തയ്യാറാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഖാദി മേഖലയില്‍ ഒറ്റയാള്‍ കുപ്പടം നെയ്ത്ത് സാങ്കേതികവിദ്യയുടെ പ്രഖ്യാപനം കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. നഷ്ടപ്പെട്ട കൈത്തറി മേഖലയെ വീണ്ടെടുക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കൈത്തറി തൊഴിലാളികളുടെ ഉന്നമനമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സേലം ഐഐഎച്ച്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ഐഐഎച്ച്ടി വിദ്യാര്‍ഥികളായ സൂര്യ സോംസണ്‍, രാഹുല്‍ ഉമേഷ് ഗൗണ്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം മന്ത്രി ഇ പി ജയരാജന്‍ സമ്മാനിച്ചു.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡയറക്ടര്‍ കെ സുധീര്‍, ഐഐഎച്ച്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍, ഗവേണിംഗ് ബോഡി അംഗം പി വി രവീന്ദ്രന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്,  കണ്ണൂര്‍ വീവേഴ്‌സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ടി സുബ്രഹ്മണ്യന്‍, കേരള ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുഖ്യരക്ഷാധികാരി സി ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ കൈത്തറി സൊസൈറ്റി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.