പെരിയാറിലെ യുവതിയുടെ മൃതദേഹം: കയറും പുതപ്പും വാങ്ങിയത് കളമശേരിയില്‍ നിന്ന്; കൊലയാളി ആര്?, ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു.

വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോര്‍ത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തില്‍ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

സംഭവത്തിനു പിന്നില്‍ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല.