വിദഗ്ത സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. ആറളം ഫാം പുനരുദ്ധാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആടുത്ത മാസം സമര്‍പ്പിക്കും 


ഇരിട്ടി: ആറളം ഫാമിനെ ശാസ്ത്രീയമായി നവീകരിക്കുന്നതിനുള്ള കാര്‍ഷിക ഗവേഷക സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. വൈവിദ്ധ്യ വത്ക്കരണത്തിലൂടെ ഫാമിന്റെ വരുമാനവും പുരധിവാസ മേഖലയിലെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള പദ്ധതികളും  തെയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പടന്നക്കാട്, വെള്ളാനിക്കര, പിലിക്കോട് കാര്‍ഷിക കോളേജുകളില്‍ നിന്നുള്ള ഉന്നത തല  കാര്‍ഷിക ഗവേഷക സംഘം  ഫാമില്‍ നടത്തിയ രണ്ട് ദിവസത്തെ പരിശോധന പൂര്‍ത്തിയായി. ഹ്രസ്വകലാടിസ്ഥാനത്തിലും ദീര്‍ഷകാലടിസ്ഥാനത്തിലുമുള്ള പദ്ധതികളാണ് വിദ്ഗത് സംഘം തെയ്യാറാക്കുന്നത്. ഏഴ് ബ്ലോക്കുകളിലായി 1570 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ ഭൂവിസ്തൃതിയില്‍ പലബ്ലോക്കുകളിലും 20 ശതമാനം ഭൂമി പോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് സംഘം കണ്ടെത്തി. ഹ്രസ്വകാലടിസ്ഥാനത്തില്‍ ഫാമിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് നേഴ്‌സറിയെ ശാസ്ത്രീയമായി വികസിപ്പിക്കും . തൊളിലാളികള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കും. യന്ത്ര വത്ക്കരണം ഫലപ്രദമായി ഉപയോഗിക്കാനും ജലസേചന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും  നടപടി സ്വീകരിക്കും. കശുമാങ്ങ സംസ്‌ക്കരിച്ചെടുക്കുന്നതിന് സംവിധാനം ഉണ്ടാക്കുന്നതോടൊപ്പം അത്യുത്പ്പാദനശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യും. കാട്ടു മൃഗശല്യം തടയുന്നതിന് കൃഷിയിടങ്ങളില്‍ മുനുഷ്യരുടെ നിരന്തമായ ഇടപെടല്‍  സാധ്യമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് വിദഗ്ത സംഘം പദ്ധതി തെയ്യാറാക്കുന്നത്. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ ബ്ലോക്കിലും നിശ്ചിത ശതമാനം പ്രദേശങ്ങളെ കൃഷിയോഗ്യമാക്കി സംരക്ഷിക്കും. മനുഷ്യ സമ്പര്‍ക്കം മൂലം വന്യമൃഗങ്ങളെ വഴിമാറി സഞ്ചരിക്കാനുള്ള പ്രവണതയുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്.
 ഫാമിനുള്ളിലെ കുളങ്ങള്‍ സംരക്ഷിച്ച് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കാത ഇഞ്ചി, മഞ്ഞല്‍, കറുവപട്ട തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇവയുടെ വിപണനത്തിനും സംവിധാനം ഉണ്ടാക്കും. സാങ്കേതിക വിദഗ്തരുടെ അഭാവം ഫാമിന്റെ ശോച്യാവസ്ഥയ്ക്ക് പ്രധാന കാരണമായാണെന്ന് സംഘം വിലയിരുത്തി. ഇതിനായി ഓരോ ബ്ലോക്കിലും ഒരാളെയെങ്കിലംു നിയമിക്കാനുള്ള നടപടി സ്വീകരിക്കും. ഫാം മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിദഗ്ത പരിശീലനം ലഭ്യമാക്കാനും നടപടിയുണ്ടാക്കും. ആറളം വന്യജീവി സങ്കേതത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇവിടെ എത്തുന്ന സഞ്ചാരികളെ ഒരുമണിക്കൂറെങ്കിലും ഫാമിനുള്ളിലേക്ക് ആകര്‍ഷിക്കാനുള്ള ഫാം ടൂറിസം പദ്ധതികള്‍ക്കും രൂപം നല്‍കും.
കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രം ഡയരക്ടര്‍ ഡോ. ജയരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം പുരനധിവാസ മേഖലയിലെ താമസക്കാരുമായും ഫാം തൊഴിലാളി യൂണിയനുകളുമായും സംസാരിച്ചു.  ഫാം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ തൊഴിലാളിയൂണിയന്‍ നേതാക്കളായ  ബിനോയ് കുര്യന്‍, കെ. ടി. ജോസ്, കെ. കെ.ജനാര്‍ദ്ദനന്‍,  കെ.ബി ഉത്തമന്‍,  കെ.വേലായുധന്‍, ആന്റണി ജേക്കബ്, ജയദീപ്, രാമചന്ദ്രന്‍, കെ. കെ. ജോസഫ്, കെ. രമേശന്‍, പി. ജെ. ബേബി എന്നിവര്‍ പങ്കെടുത്തു.ഫാമിനെ  പ്രതിനിധികരിച്ച് മാര്‍ക്കറ്റിംങ്ങ് ഓഫീസര്‍ ശ്രീകുമാര്‍, ഫാം സൂപ്രണ്ട് മോഹന്‍ദാസ്, അസിസ്റ്റന്റ് മാനേജര്‍ കെ.രവീന്ദ്രന്‍ എന്നിവരും  ഊരു മൂപ്പന്‍  സതീഷ് നാരായണനും പങ്കെടുത്തു.