മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തു; മനംനൊന്ത് അച്ഛനും അമ്മയും സഹോദരനും ആത്മഹത്യ ചെയ്തു
മുംബൈ: മകള്‍ താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സംഭവത്തില്‍ മനം നൊന്ത് അച്ഛനും അമ്മയും സഹോദരനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. രവീന്ദ്ര (54), വൈശാലി (45), സായിറാം (24) എന്നിവരാണ് മരിച്ചത്. ഇവര്‍ മരിച്ച തറിഞ്ഞതിനെ തുടര്‍ന്ന് വിവാഹിതരായ മകളും ഭര്‍ത്താവും നദിയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായും ആരോഗ്യനിലയില്‍ പ്രശ്നമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.
സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രണാലി (24). ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയായ പ്രണാലി വീട്ടില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടിയത്. അടുത്ത ഗ്രാമത്തിലെത്തിയ യുവാവും യുവതിയും ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പ്രണാലിയുടെ കാമുകന്‍ താഴ്ന്ന ജാതിയില്‍ പെട്ടതായിരുന്നത് കൊണ്ട് വീട്ടുകാര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രണാലി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വിവാഹിതയായത്.
മകള്‍ ഒളിച്ചോടി വിവാഹം ചെയ്തു എന്ന പരാതിയുമായി രവീന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ യുവാവും യുവതിയും പ്രായപൂര്‍ത്തിയായവരാണെന്നും അതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പിന്നീടാണ് കൂട്ടആത്മഹത്യ എന്ന തീരുമാനത്തിലേക്ക് കുടുംബം എത്തിയതെന്നാണ് പൊലീസ് നിഗമനം. കുടുംബാംഗങ്ങള്‍ മരിച്ചെന്നറിഞ്ഞ പ്രണതിയും ഭര്‍ത്താവും വിഷം കഴിച്ച ശേഷം നദിയില്‍ ചാടുകയായിരുന്നു. പൊലീസ് സംഘം കൃത്യമായി ഇടപെട്ടത് കൊണ്ട് ഇവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
0 Comments