പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ മുല്ലക്കര രത്നാകരന്‍, ഗീതാ ഗോപി, ഇ കെ വിജയന്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഏത് സഥലത്തും ഖനനാനുമതി നല്‍കുന്നതിന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്‌ട് അസസ്മെന്റ് അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു.

അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിനായി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ജിയോളജിസ്റ്റുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. പെര്‍മിറ്റ് ഏരിയ ലംഘിച്ച്‌ ഖനനം നടത്തുന്നത് തടയാനും നിര്‍ദ്ദേശം നല്‍കി. ഇതിനായി സ്‌ഫോടക വസ്തുക്കളുടെ ദുരുപയോഗം തടയാനും നടപടി സ്വീകരിച്ചു. റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും അനധികൃത ഖനനം കണ്ടെത്തി നിര്‍ത്തിവെപ്പിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്വാറികളുടെ പ്രവര്‍ത്തനം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും മറ്റു പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച്‌ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പരിശോധിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം മാത്രമാണ് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവരും ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറമടയില്ലാത്ത പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി പറയുന്നു. കുന്നിന്റെ ചെരിവ്, തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ അളവ്, മേല്‍മണ്ണിന്റെ കനം എന്നിവയും ഘടകമാണ്. ഇകാര്യത്തില്‍ വിശദമായ പഠനത്തിനുള്ള നടപടി സ്വീകരിക്കും. പ്രകമ്ബനം കുറവുള്ള രീതിയില്‍ പാറ പൊട്ടിക്കാന്‍ നൂതന സാങ്കേതിക വിദ്യയായ നോണ്‍ ഇലക്‌ട്രിക്കല്‍ ഡിറ്റണേറ്റര്‍ ഉപയോഗിച്ചുള്ള ബ്ലാസ്റ്റിംഗ് (NONEL) നിലവില്‍ വന്നിട്ടുണ്ട്. ഇതുപയോഗിച്ച്‌ മാത്രമേ പാറ പൊട്ടിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ക്വാറികളുടെ പ്രവര്‍ത്തനം പശ്ചിമഘട്ടത്തില്‍ വിള്ളലുകള്‍, ഉരുള്‍പൊട്ടല്‍, പുഴ വഴിമാറി ഒഴുകല്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്ന വിഷയത്തില്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് അപേക്ഷിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.