മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 15650 കേസുകള്‍

തിരുവനന്തപുരം: മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കേരളത്തില്‍ 15650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയ അറിയിച്ചു. വയോജനങ്ങളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുന്നവര്‍ക്കെതിരേ കേസ് ചുമത്താനും മൂന്ന് മാസം വരെ തടവിനോ 5,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.

2016-17ല്‍ 4767 കേസുകളും 2017-18 വര്‍ഷം 3356 കേസുകളും 2018-19ല്‍ 4300 കേസുകളും 2019-20 ഇതുവരെ 3227 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 27 മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍ വഴി 11,005 കേസുകള്‍ തീര്‍പ്പാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള വൃദ്ധസദനങ്ങളിലും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങളെ പ്രവേശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും യാതൊരു തുകയും ഈടാക്കുന്നില്ലെന്നും വയോജനങ്ങള്‍ക്കുള്ള സേവനം സൗജന്യമായാണ് നല്‍കി വരുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 വൃദ്ധസദനങ്ങളും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോട് കൂടി 619 സ്ഥാപനങ്ങള്‍ സ്വകാര്യ /എന്‍ജിഒ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 172 സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്.