ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്:
സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നാളെ


സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഒരുക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നാളെ (നവംബര്‍ 17) നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, കേരള അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ സൂരജ്, സംസ്ഥാന സെക്രട്ടറി ഡോ.സി ബി റജി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് കോംപ്‌ളക്‌സിലാണ് സംഘാടകസമിതി ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.  ഇ മെയില്‍: ewsbckannur@gmail.com.  ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വിളംബരജാഥയും നടക്കും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച് ഉദ്ഘാടനവേദിയില്‍ സമാപിക്കും.
ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം ഉള്‍പ്പെടെയുള്ള പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ആതിഥ്യമരുളുന്ന കണ്ണൂരിലെ മത്സരത്തില്‍ നിന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെയും 2020ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ യുവതികള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.