ലഹരിക്കെതിരെ സാമൂഹ്യ ജാഗ്രതയുണർത്തി കേളകം പഞ്ചായത്ത് വിമുക്തി കൺവെൻഷൻ

വിദ്യാർത്ഥികളും യുവാക്കളും  ലഹരിക്കെണിയിൽ വീഴുന്നതിനെതിരെ സാമൂഹിക ജാഗ്രതയുണർത്താനുള്ള ആഹ്വാനമായി കേളകം ഗ്രാമപഞ്ചായത്തു തല വിമുക്തി കൺവെൻഷൻ.

നാളത്തെ കേരളം ലഹരി മുക്ത നവ കേരളം തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെഭാഗമായി കേളകം ഗ്രാമ പഞ്ചായത്തു കോൺഫറൻസ് ഹാളിൽ നടന്ന വിമുക്തി കൺവെൻഷൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു.

സിവിൽ എക്സൈസ് ഓഫിസർ പി.എസ്.ശിവദാസൻ ആമുഖ ഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സ്കറിയ, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോസഫ്, പഞ്ചായത്തംഗങ്ങളായ വി.ടി.തോമസ്, തോമസ് കണിയാഞ്ഞാലിൽ, കേളകം പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ.വി.കെ.അശ്വിൻ, കേളകം സെന്റ്.തോമസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ.വർഗീസ് പടിഞ്ഞാറേക്കര , സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്, ഹൈസ്കൂൾ അധ്യാപകൻ എം.വി.മാത്യു, പിടിഎ പ്രസിഡന്റ് എസ്.ടി.രാജേന്ദ്രൻ, ഏലിയാസ് കുറുപ്പഞ്ചേരി, ഇ.എസ്.ശശി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ് സ്വാഗതവും എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ നന്ദിയും പറഞ്ഞു.

 തുടർന്നു നടന്ന ചർച്ചയിൽ വിമുക്തി കമ്മിറ്റി അംഗങ്ങൾ സജീവമായി പങ്കെടുത്തു. കൺവെൻഷനിൽ ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റിയുടെ പുന:സംഘാടനം നിർവ്വഹിച്ചു. സ്കൂൾ പരിസരങ്ങളിൽ യെല്ലോ ലൈൻ രേഖപ്പെടുത്തി ലഹരി നിരോധിത മേഖല പ്രഖ്യാപനം നടത്തുന്നതിനും ലഹരിവിരുദ്ധ ക്ലബ്ബുകൾ പുനഃസംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. സ്കൂൾതല ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനുമുള്ള പ്രായോഗിക നടപടികൾക്ക് പൊതു ചർച്ചയിലൂടെ രൂപരേഖയൊരുക്കി.

വാർഡ്തല വിമുക്തി സേനാ രൂപീകരണം നടത്തും. എല്ലാ സ്കൂളുകളിലും രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ പഠനത്തിൽ പിന്നോക്കമുള്ളവർക്കും ലഹരി, മൊബൈൽ ഫോൺ അഡിക്ഷൻ ഉള്ളവർക്കും കൗൺസലിങ്ങ് നടത്തും. വ്യാപാരി സംഘടനകളുടെയും ഓട്ടോ ടാക്സി, ചുമട്ടുതൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

വിമുക്തി കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്തു പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, സ്കൂൾ - കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർമാർ, പിടിഎ - മദർ പിടിഎ പ്രസിഡന്റുമാർ, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാർ,  എക്സൈസ്, പോലീസ്, ആരോഗ്യ വകുപ്പ്, ട്രൈബൽ വകുപ്പ്, വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, വ്യാപാരി സംഘടനാ നേതാക്കൾ, ഓട്ടോ ടാക്സി തൊഴിലാളി പ്രതിനിധികൾ, ചുമട്ടുതൊഴിലാളി സംഘടനാ ഭാരവാഹികൾ, ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, വായനശാലാ ഭാരവാഹികൾ, പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കൾ, യുവജന സംഘടനാ പ്രതിനിധികൾ, എസ് സി - എസ് ടി പ്രമോട്ടർമാർ, പൊതുജനങ്ങൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു.

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ തങ്കമ്മ മേലെക്കൂറ്റ്, കേളകം പോലീസ് പ്രിൻസിപ്പിൾ എസ്ഐ എം.കെ.കൃഷ്ണൻ, സിപിഒ വി.എം.റിജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, വി.എൻ.സതീഷ്, കെ.എ.മജീദ് എന്നിവർ സന്നിഹിതരായി.
പഞ്ചായത്ത് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംഘാടനം നിർവ്വഹിച്ചു.